ചുംബനഗീത

ചുംബനഗീത  

നോക്കൂ,   
രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്ന് നോക്കൂ:

നാലു ചുണ്ടുകൾ ഒന്നാകുന്നു;
പ്രാണൻ പ്രാണനിലേക്കു പകർന്ന് പ്രാർത്ഥനയാകുന്നു. 
പകലിനു പ്രകാശവും രാവിനു നിലാവും 
പ്രസാദമായ് ലഭിക്കുന്നു.

രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്നു നോക്കൂ:

ഈ വൃത്തികെട്ട ലോകം 
ഇതുവരെ കാണാത്ത വിധം സുന്ദരമാകുന്നു. 
ആകാശം സ്വച്ഛമാകുന്നു; വായു ശുദ്ധവും.
കിളികൾക്കിക്കിളിയാകുന്നു.
നദികൾക്കു നാണമാകുന്നു. 
മരങ്ങൾ ചിരിച്ചുലയുന്നു. 

രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്നു നോക്കൂ:

മതിലുകളിടിയുന്നു.
ആളുകൾ കല്ലെറിയുന്നു;
നുണകൾക്ക് നിറം കൊടുക്കുന്നു.
മാന്യത മുഖം ചുളിക്കുന്നു; 
ശാപശരങ്ങളെയ്യുന്നു. 
ചുംബനമാധുര്യത്തിൽ, ഹൃദയമലിയുന്ന പ്രേമമഴയിൽ 
ആ ആരവങ്ങളെല്ലാം മൂകമാകുന്നു. 

കണ്ടില്ലേ, 
രണ്ടുപേർ ചുംബിക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്ന് കണ്ടില്ലേ?

വരൂ, ചങ്ങാതീ,
നീയാരുമാകട്ടെ;
എന്റെ എതിർലിംഗമോ, ഉഭയലിംഗമോ,
എന്റേതന്നെ ലിംഗത്തിൽപ്പെട്ടവനോ,
ആരുമാകട്ടെ. 
വരൂ, നമുക്കു ചുംബിക്കാം;
പ്രാണനെ പ്രാണനിലേക്കാഴ്ത്തി 
ഈ ലോകത്തെയൊരു പൂന്തോട്ടമാക്കാം.
ശവകുടീരങ്ങളെ താജ് മഹലുകളാക്കാം.
വരൂ, ചങ്ങാതീ. 

സി എം രാജൻ.  
















 

Comments

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]

അനുരാഗക്കേസ്

വേഷപുരാണം.