അനുരാഗക്കേസ്
അനുരാഗക്കേസ്
അവർ രണ്ടുപേർ പരസ്പരം കണ്ടു; കണ്ടപ്പോൾ ഇഷ്ടമായി.
കണ്ടുകഴിഞ്ഞപ്പോൾ മിണ്ടണമെന്നായി; മിണ്ടി.
കണ്ടുകഴിഞ്ഞപ്പോൾ മിണ്ടണമെന്നായി; മിണ്ടി.
മിണ്ടിയപ്പോൾ ഇഷ്ടമിരട്ടിയായി,
ഒരേ മനസ്സാണെന്ന് മനസ്സിലായി.
മനസ്സുകൾ ഒന്നായപ്പോൾ മെയ്യുകളുമൊന്നായി;
ഇരുവർക്കും ഒരേ മെയ്യാണെന്നും മനസ്സിലായി.
ജീനുകളിലൊന്ന് ഗേ ജീനെന്നറിഞ്ഞ്
അവർ സ്വവർഗ്ഗാനുരാഗികളായി.
അനുരാഗം അന്ധമാണെങ്കിലും, വിവാഹം അന്ധമല്ലല്ലോ.
അതു മാംസബദ്ധവും നിയമബദ്ധവുമല്ലോ.
അനുരാഗികൾ വിവാഹിതരാകാൻ കോടതികയറി.
തലനരച്ച ന്യായാധിപൻ
ചത്ത ചരിത്രത്തിന്റെ കണ്ണടയിലൂടെ അവരെനോക്കി;
സ്ഥാപനസഭ്യതയുടെ വരട്ടുപുസ്തകം മറിച്ചു നോക്കിപുലമ്പി:
'പണ്ടൊക്കെ ജാതിനോക്കാതെയാണ് കെട്ട്;
ദാ, ഇപ്പൊ, ദേഹവും നോക്കാതെയായി.'
പഴയൊരു പാട്ടും പാരഡിയായ് ആത്മഗതമായി:
'ഇന്നു നാം ചെയ്യും അബദ്ധമെല്ലാം
നാളത്തെയാചരമാകും.
പിന്നെ നാം കാണും കിനാക്കളെല്ലാം
കണ്ണുപൊട്ടിക്കുന്നതായിരിക്കും.'
ആത്മഗതം കഴിഞ്ഞ് കണ്ണുകെട്ടിയ നീതിയുടെ പതി പ്രകാശിച്ചു:
"ഗേ ജീനുകളുള്ളവർക്കുള്ളതല്ലാ
ഭൂമിയെന്ന ഈ ഗ്രഹവും ഗേഹവും വിവാഹവും.
സോദോമിന്റെ കഥയറിയില്ലേ; ഗമറോയുടെയും?
ദൈവത്തിനു നിരക്കാത്തത് നിനയ്ക്കുകപോലുമരുത്!"
കോടതിപ്പടിയിറങ്ങുമ്പോൾ അനുരാഗികൾ പ്രത്യാശിച്ചു:
'ഒരുനാൾ വരും;
അന്നാരെന്നുമെന്തെന്നുമാർക്കുമറിയില്ലെങ്കിലും
ഗേ പിടിച്ച ചെറുപ്പക്കാരനൊരുത്തനായിരിക്കട്ടേ ജഡ്ജി.'
Comments
Post a Comment