വേഷപുരാണം.

വേഷപുരാണം
  
അച്ഛൻ സമർത്ഥനാണ് ---
ഇട്ട ഉടുപ്പുനോക്കി ആളുകളുടെ ഉള്ളുകള്ളി കണ്ടുപിടിക്കും. 
കേട്ടിട്ടില്ലേ, പഴമൊഴി? 
(പഴഞ്ചൊല്ലിൽ പതിരില്ലെന്ന് അച്ഛനുറപ്പാണ്.)
മനുഷ്യനാരാണെന്ന് കുപ്പായം പറയും;*
പുറംചട്ട കണ്ടാലറിയാം പുസ്തകത്തിന്റെ മേന്മ**.
വേഷഭൂഷകളാണു മോനേ സ്വത്വം --- സത്തയും. 

തോർത്തുടുത്തവൻ തൊഴിലാളി;
തൊപ്പിയിട്ടവൻ മുതലാളി.
പച്ചയിട്ടവൻ മേത്തൻ (മ്ലേച്ഛൻ);
ഉച്ചിയിൽ കുടുമയുള്ളവൻ കേമൻ.
നെറ്റിയിൽ തിലകമുള്ളവനെ നമ്പാം --- ചതിക്കില്ല. 
തിലകം നീളത്തിലെങ്കിൽ നീതിമാൻ;
പൊട്ടാണെങ്കിൽ ബുദ്ധിമാൻ (എന്നെപ്പോലെ).
കാവിയിട്ടവൻ യോഗി;
ക്ലാവു പിടിച്ചവൻ ഭോഗി(രോഗിയുമാകാം).
കുരിശു കേറ്റിയവനോ, 
അവൻ നമുക്ക് കുരിശാകും. 

കീശയിൽ പേന ചാർത്തിയവൻ പ്രസംഗിക്കും; 
ജുബ്ബമേൽ സഞ്ചി തൂക്കിയവനെഴുതും. 
കുളിക്കാതെ പൊടിപിടിച്ചു നടക്കുന്നവൻ ആക്റ്റിവിസ്റ്റ്; 
മുടിയും താടിയും വെട്ടാതെ നീട്ടുന്നവൻ ജങ്കി --- യൂസ്‌ലസ്;  
അത് (എന്നെപ്പോലെ) വെട്ടിയൊതുക്കുന്നവൻ രാജയോഗിയും.

ജീൻസിട്ട പെണ്ണ് പിഴയായിരിക്കും;
കയ്യില്ലാ ബ്ലൗസുമുണ്ടെങ്കിൽ അതുറപ്പാക്കാം.
ഏഴുവാര സാരിചുറ്റിയവൾ കുലസ്ത്രീ; 
മുഖത്ത് മൂടിയിട്ടവൾ അടിമ. 

കോട്ടും സൂട്ടുമിട്ടവൻ എന്നെപ്പോലെ മാന്യനായിരിക്കും.
അകത്തുള്ള വിഷം കാണാതിരിക്കാൻ 
പുറത്തുള്ള വേഷപ്പൊലിമ ധാരാളം. 
തൊലിപ്പുറത്താണ് സൗന്ദര്യം***.
നാട്ടുകാരായ പൊട്ടന്മാർ അതേ കാണൂ;
അവർക്കതു മതി. 

മറ്റെന്തായാലും മ്യോനേ ഇതു നീ മറക്കല്ലേ:
വേഷഭൂഷകളിലാണ് സ്വത്വം --- സത്തയും;
അതാണ് സത്യവും. 
-------------------------------
 * Vestis virum facit  - Erasmus; 
   The apparel proclaims the man - Shakespeare.
** A book is judged by its cover - Mark Twain  
*** Beauty is skin-deep - Thomas Overbury 
  



















Comments

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]

അനുരാഗക്കേസ്