കാളരാത്രി
രാത്രി.
സ്വാപസഞ്ചാരത്തിലാണ്, ചക്രവർത്തി;
സുഷുപ്തിയിൽ നുണകൾ പറഞ്ഞും,
ദേഹം പൊട്ടിച്ചിരിയിലുലഞ്ഞും,
"പറ്റിച്ചേ"യെന്ന് ഒച്ചയിട്ടും, അശ്വാരൂഢനായങ്ങനെ, മൂഢപ്രൗഢിയിൽ.
രാജവീഥികളിൽ, ഉപവീഥികളിലും,
ക്രിസ്തുവിനു പിമ്പേയല്ലാതെ, ക്രിസ്തുവിനു മുമ്പേയായ,
മനുഷ്യരെന്നു നടിക്കും ജന്തുബുദ്ധികളും
സ്വപ്നസഞ്ചാരത്തിലാണ്;
"ഇനിയും പറ്റിച്ചോ" എന്നാർത്തു ചിരിക്കുന്ന തിരക്കിലാണ്.
കുതിരപ്പുറത്തെത്തും രായന് കഴുതച്ചെവിയാണേ
എന്നുപറയാൻ ഒരു കഴുതയുമില്ല.
രായർ നഗ്നനാണെന്ന് പറയാൻ ഒരു കുഞ്ഞുപോലുമില്ല.
നഗ്നസത്യത്തെയുടുപ്പിക്കാൻ
കണ്ണഞ്ചിപ്പിക്കുന്ന നുണയുടയാട നെയ്യുന്ന
തിരക്കിലാണെല്ലാവരും.
"മാനഭംഗപ്പെടുത്താൻ ഇനിയും മക്കളാരുമില്ലേ"യെന്ന്
ഇരുൾവീണ ഉപവീഥിയിലൊരു മഹിള കാറുന്നുണ്ട്.
മാതൃഭോഗലാലസരായ പുത്രന്മാരുടെ ജീനുകൾ
ഇതുവരെ കാണാത്ത രാക്ഷസരൂപങ്ങൾ കോഡിലാക്കുന്നു.
ആസനത്തിൽ മുഴംമുഴമായി മുളച്ചുവരുന്ന
അഹങ്കാരത്തിന്റെ ആൽച്ചെടി തഴുകി
രായൻ പ്രഗമനം തുടരുന്നു;
അശ്വമേധം പൊടിപൊടിക്കുന്നു.
മേധാവസാനം താനും ബലിയാകുമെന്നറിയാത്ത അശ്വവും
സ്വപ്നാടനത്തിൽത്തന്നെ.
പണ്ടൊരു രായനെ നഗ്നനെന്ന് വിളിച്ചതിന്
തല പോയ കുട്ടിയുടെ തലയുണ്ടൊരു കോണിൽ
മുഖത്തൊരു മൂകമന്ദസ്‌മേരവുമായി.
ആ സ്മേരമൊരു ആക്രന്ദനമായ്
ഇരുളു പിളർന്നേക്കാം,പുലരി പിറന്നേക്കാം.
Comments
Post a Comment